കോഴിക്കോട്: യുഡിഎഫിന്റെ താരപ്രചാരകരുടെ ശ്രേണിയിലാണ് തിരുവനന്തപുരം എംപി ശശി തരൂര്‍. ഇന്ത്യന്‍ പാര്‍ലമെന്റില്‍ പല വിഷയങ്ങളിലും നിര്‍ണായക ഇടപെടലുമായി ശോഭിക്കുന്ന തരൂരിന് കേരളത്തിലെ തെരഞ്ഞെടുപ്പു പ്രചരണത്തില്‍ സുപ്രധാന ചുമതലയാണ് നല്‍കിയിരുന്നത്. യുഡിഎഫിന്റെ പ്രകടന പത്രികയില്‍ തുറപ്പുചീട്ടായി ന്യായ് പദ്ധതി കൊണ്ടുവന്നതില്‍ അടക്കം തരൂരിന് നിര്‍ണായക റോളുണ്ട്. കക്ഷി രാഷ്ട്രീയ ഭേദമന്യോ ജനപിന്തുണയുള്ള ശശി തരൂരിനെ മണ്ഡലങ്ങളില്‍ എത്തിച്ചു വോട്ടുപിടിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുകയും ചെയ്യുന്നുണ്ട്. മുസ്ലിംലീഗുകാര്‍ അടക്കം തരൂരിനെ മണ്ഡലത്തില്‍ എത്തിക്കാന്‍ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്.

എന്തായാലും ഈതെരഞ്ഞെടുപ്പില്‍ താരമാകുക തരൂരാകും എന്നാണ് പുറത്തുവരുന്ന സൂചനകള്‍. ന്യായ് പദ്ധതിയെ കുറിച്ചു വിശദീകരിച്ചു കൊണ്ട് തന്നെയാണ് തരൂര്‍ പ്രചരണം കൊഴുപ്പിക്കുന്നതും. യുഡിഎഫ് ഭരണത്തില്‍ എത്തിയാല്‍ കേരളത്തില്‍ ന്യായ് പദ്ധതി നടപ്പിലാക്കുക തന്നെ ചെയ്യുമെന്ന് ശശി തരൂര്‍ എംപി വ്യക്തമാക്കുന്നു. 6000 രൂപ എന്ന് വെറുതെ പറഞ്ഞതല്ല, പഠിച്ച ശേഷം എടുത്ത തീരുമാനമാണെന്നും എംപി പറഞ്ഞു. ന്യായ് പദ്ധതിയെ മുന്‍ നിര്‍ത്തിയാണ് ഇത്തവണത്തെ യുഡിഎഫ് പ്രകടന പത്രിക. ന്യായ് പദ്ധതി പ്രകാരം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് മാസം തോറും 6000 രൂപ വീതം ഒരു വര്‍ഷം 72000 രൂപ നല്‍കുമെന്നാണ് പ്രകടന പത്രികയിലുള്ളത്.

‘മാസം 6000 രൂപ നല്‍കുന്നത് അസാധ്യമായ കാര്യമല്ല. ന്യായ് പദ്ധതി നടപ്പിലാക്കുക തന്നെ ചെയ്യും. 6000 എന്ന് വെറുതെ പറഞ്ഞതല്ല. പഠിച്ച ശേഷം എടുത്ത തീരുമാനമാണ്. ഛത്തീസ്‌ഗഢില്‍ ഇതിനകം പദ്ധതി നടപ്പിലാക്കി കഴിഞ്ഞു. കേരളത്തിലും അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കും. കൊടുക്കല്‍ മാത്രമല്ല, വരുമാനവും ഉണ്ടാക്കും.’ ശശി തരൂര്‍ പറഞ്ഞു. പ്രകടന പത്രികയിലുള്ളതില്‍ ന്യായ് പദ്ധതിയേകുറിച്ചും സര്‍ക്കാരിന് വരുമാനം ലഭിക്കാനാവശ്യമായ പദ്ധതികളേയും കുറിച്ച്‌ ശശി തരൂര്‍ പ്രത്യേകം പരാമര്‍ശം നടത്തി. നിലവിലെ സര്‍ക്കാര്‍ കടത്തിലാണ്. ക്ഷേമ കാര്യങ്ങള്‍ ചെയ്യണമെങ്കില്‍ വരുമാനം വേണം. വരുമാനം ഉണ്ടാക്കാനുള്ള വഴികള്‍ ആവിഷ്‌കരിച്ചത് യുഡിഎഫ് മാത്രമാണെന്നും നിക്ഷേപകര്‍ക്ക് സംരക്ഷണം നല്‍കാന്‍ നിയമം കൊണ്ടുവരുമെന്നും ശശി തരൂര്‍ വ്യക്തമാക്കി.

യുഡിഎഫ് സര്‍ക്കാര്‍ ഭരണത്തിലെത്തിയാല്‍ വിദ്യഭ്യാസ മേഖലയെ പുനരാവിഷ്‌കരിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. പഠിക്കുന്ന വിഷയത്തിലധിഷ്ഠിതമായ തൊഴില്‍ മേഖല ഉറപ്പ് വരുത്താന്‍ മാറ്റം വരണം. സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കും. വിദേശ സര്‍വകലാശാലകളുടെ നിലവാരത്തിലുള്ള യൂണിവേഴ്സിറ്റികള്‍ കൊണ്ടു വരണമെന്നും ശശി തരൂര്‍ പറഞ്ഞു.

കേരളത്തില്‍ ചുവന്ന കൊടി പേടിച്ചാണ് സംരംഭകര്‍ എത്താത്തതെന്നും ഹര്‍ത്താല്‍ നിരോധിച്ച്‌ നല്ല സിഗ്നല്‍ സംരംഭകര്‍ക്ക് നല്‍കുമെന്നും ശശി തരൂര്‍ പറഞ്ഞു.
6 മണിക്ക് ശേഷം പെണ്‍കുട്ടികള്‍ക്ക് രാത്രി ജോലിയെടുക്കാന്‍ ഐ ടി ആക്‌ട് കൊണ്ട് വരുമെന്നും പ്രകടനപത്രിയില്‍ പറയുന്നുണ്ട്. വാഗ്ദാനങ്ങളെല്ലാം പാലിക്കുമെന്ന് ശശി തരൂര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

കോൺഗ്രസ് വോട്ട് മറിച്ചെന്ന ആരോപണം എൽ ഡി എഫിൻറെ മുഖം രക്ഷിക്കാൻ വേണ്ടിയോ???
ദുബൈ കെ എം സി സി ഭാരവാഹി സുബൈർ കുബണൂറിൻറെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ ആകുന്നു

ദുബൈ കെ എം സി സി ഭാരവാഹി സുബൈർ കുബണൂറിൻറെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ ആകുന്നു. പോസ്റ്റിൻറെ പൂ…